Sorry, no posts matched your criteria.
Top
Image Alt

Vayalaata

  /  Reviews   /  ബഷീറിന്റെ എഴുത്തും ജീവിതവും ഒന്നായി ഒഴുകിയ കാലങ്ങള്‍ നിങ്ങളെ ഇഷ്ടപ്പെടുത്താതിരിക്കില്ല

ബഷീറിന്റെ എഴുത്തും ജീവിതവും ഒന്നായി ഒഴുകിയ കാലങ്ങള്‍ നിങ്ങളെ ഇഷ്ടപ്പെടുത്താതിരിക്കില്ല

 


നസീല്‍ വോയിസി


ഇന്ത്യന്‍ നഗരങ്ങളിലും കപ്പല്‍ ജീവിതത്തിലും സ്വാതന്ത്ര്യസമരത്തിലും ജയിലിലും ഒന്നുമില്ലായ്മയിലും എല്ലാമുണ്ടായപ്പോഴും അങ്ങനെയങ്ങനെ ജീവിതത്തിന്റെ എല്ലാ തീരങ്ങളിലും ബഷീറെന്ന മനുഷ്യന്‍ ബാക്കിവെച്ച കനിവിന്റെ, മനുഷ്യത്വത്തിന്റെ നനവിനെ തൊട്ടടുത്ത് ഇരുന്നു പകര്‍ത്തുന്ന കുറിപ്പുകള്‍. സ്‌നേഹം തന്നെയാണ്, അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പകലുകളും രാത്രികളും വാക്കുകളുമാണ് എല്ലാം.

‘ഡോക്ടറെ, വല്ല വിവരവുമുണ്ടോ?
ചായ കുടിച്ചാല്‍ ഉടനെ കഴുകി വെയ്ക്കണം. വെള്ളം കിട്ടിയില്ലെങ്കില്‍ കമിഴ്ത്തി വെക്കണം. അല്ലെങ്കില്‍ ഉറുമ്പും ഈച്ചയും അതില്‍ വീണുപോകും. ദൈവത്തിന്റെ സൃഷ്ടികളെ കൊല്ലാന്‍ നമുക്കെന്തവകാശം? ‘

ചായ കുടിച്ച ഉടനെ ക്ലാസ് കമിഴ്ത്തുന്നത് എന്തിനാണെന്ന് വൈക്കം മുഹമ്മദ് ബഷീറിനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയാണ്. ഇങ്ങനെ ബഷീറല്ലാതെ മറ്റാര് പറയും?

ചെരിപ്പിട്ടു നടന്നാല്‍ പ്രാണികള്‍ ചത്തുപോകുമോയെന്നു പേടിച്ച് ചെരിപ്പ് കയ്യിലെടുത്ത് നടന്ന വൈക്കം മുഹമ്മദ് ബഷീര്‍. ബേപ്പൂര്‍ വൈലാലിലെ വീട്ടുവളപ്പ് തന്റേതെന്ന പോലെ കുറുക്കന്റെതും കിളികളുടേതും സകലമാന പ്രാണികളുടേതും കൂടിയാണെന്ന് മാങ്കോസ്റ്റീന്‍ മരച്ചുവട്ടിലിരുന്നു പ്രഖ്യാപിച്ച മലയാളത്തിന്റെ ബഷീര്‍, ലോകത്തിന്റെ ബഷീര്‍.

ആ മനുഷ്യന്റെ ജീവിതത്തോട് ചേര്‍ന്നുനിന്ന കാലത്തെ കഥകളും അനുഭവങ്ങളും കുറിച്ചിടുകയാണ് ‘ബഷീര്‍ – എഴുതുമ്പോള്‍ എപ്പോഴും കരഞ്ഞ ഒരാള്‍’ എന്ന പുസ്തകത്തിലൂടെ എം.എം ബഷീര്‍.

‘കാമുകന്റെ ഡയറി’യില്‍ അച്ചടിമഷി പതിച്ച് ‘അനുരാഗത്തിന്റെ ദിനങ്ങള്‍’ എന്ന പുസ്തകമാക്കാന്‍ എം.ടി.യോടൊപ്പം നടന്നതും ആദ്യം അതെഴുതാന്‍ മടിച്ച ബഷീര്‍ ഒടുക്കം കണ്ണീര്‍ നനവോടെ അതെഴുതി മുഴുമിപ്പിച്ചടക്കം ഒരുപാടനുഭവങ്ങള്‍ ലേഖകന്‍ പങ്കുവെക്കുന്നുണ്ട്.

ഇന്ത്യന്‍ നഗരങ്ങളിലും കപ്പല്‍ ജീവിതത്തിലും സ്വാതന്ത്ര്യസമരത്തിലും ജയിലിലും ഒന്നുമില്ലായ്മയിലും എല്ലാമുണ്ടായപ്പോഴും അങ്ങനെയങ്ങനെ ജീവിതത്തിന്റെ എല്ലാ തീരങ്ങളിലും ബഷീറെന്ന മനുഷ്യന്‍ ബാക്കിവെച്ച കനിവിന്റെ, മനുഷ്യത്വത്തിന്റെ നനവിനെ തൊട്ടടുത്ത് ഇരുന്നു പകര്‍ത്തുന്ന കുറിപ്പുകള്‍. സ്‌നേഹം തന്നെയാണ്, അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പകലുകളും രാത്രികളും വാക്കുകളുമാണ് എല്ലാം.

ബാല്യകാലസഖിയും ജയിലും വൈക്കത്തെ വീടും കോഴിക്കോടും കല്‍ക്കത്തയുമെല്ലാം പശ്ചാത്തലങ്ങളാണ്. എം.പി. പോളും എം.ടി.യും ഫാബിയും കേശുമൂപ്പനും പാമ്പും ഉറുമ്പുമെല്ലാം ഒരേപോലെ കഥാപാത്രങ്ങളാണ്.

ബഷീറിനൊപ്പം നടക്കുകയും അദ്ദേഹത്തിന്റെ കഥകളും അനുഭവങ്ങളും ഡയറിയെന്ന പോലെ മനസ്സില്‍ കുറിച്ചിടുകയും ചെയ്ത ആളാണ് എം.എം. ബഷീര്‍. അതുകൊണ്ടുതന്നെ ഇതൊരു പുറംകാഴ്ചയല്ല, പകരം ബഷീറിനൊപ്പമിരുന്നുള്ള പങ്കുവെക്കലാണ്. വായിക്കുന്ന നേരത്ത് പലപ്പോഴും വൈലാലിലെ വീട്ടുവളപ്പില്‍ മാങ്കോസ്റ്റീന്‍ മരത്തിന്റെ ചുവട്ടില്‍ ഗ്രാമഫോണിലെ പാട്ടും കേട്ടിരിക്കുന്ന ബഷീറിനടുത്ത് എത്തുന്നപോലെ, തൊട്ടടുത്തിരുന്നു അദ്ദേഹം എം.എം. ബഷീറിനോട് ഓരോന്ന് പറയുംപോലെ തോന്നും.

ബഷീറിനെ വായിക്കാന്‍, അദ്ദേഹത്തിന്റെ എഴുത്തും ജീവിതവും ഒന്നായി ഒഴുകിയ കാലങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ തീര്‍ച്ചയായും വായിക്കേണ്ട പുസ്തകം. ‘ബഷീര്‍, ഏഴുതുമ്പോള്‍ എപ്പോഴും കരഞ്ഞ ഒരാള്‍’ – എന്ന ഈ ടൈറ്റില്‍ കേള്‍ക്കുമ്പോള്‍ തോന്നുന്ന ഒരടുപ്പമില്ലേ, അതു തന്നെയാണ് ഈ പുസ്തകത്തിന്റെ ആത്മാവും. ??

 


ടെലഗ്രാം, വാട്സാപ്പ്, സിഗ്നല്‍ എന്നിവയിലൂടേയും വയലാറ്റയെ നിങ്ങള്‍ക്ക് ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യുക


 

Facebook Comments