
ദലിത്-ആദിവാസി മേഖളകളിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഐഡിയ ബാങ്കുമായി റൈറ്റ്‌സ്
കേരളത്തിലെ ദലിത്-ആദിവാസി മേഖലകളിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഐഡിയ ബാങ്കുമായി തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനയായ റൈറ്റ്‌സ്. കേരളത്തിലെ ആയിരത്തിലധികം വരുന്ന പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷനുകളില്‍ ഫെബ്രുവരി 7 മുതല്‍ ആരംഭിക്കുന്ന പദ്ധതിരൂപീകരണത്തിനായുള്ള സഭായോഗങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് റൈറ്റ്‌സ് ഇത്തരത്തില്‍ ഒരു ഐഡിയാ ബാങ്കുമായി രംഗത്തുവരുന്നത്. ഐഡിയ ഹണ്ട് എന്ന ഒരു പരിപാടിയിലൂടെയാണ് ഈ വികസനആശയങ്ങളുടെ ക്രോഡീകരണം നടന്നിരിക്കുന്നത്.
വിദ്യാഭ്യാസം, വാണിജ്യം, വ്യവസായം, കൃഷി, ഭവനനിര്‍മ്മാണം അടിസ്ഥാനസൗകര്യവികസനം എന്നിങ്ങനെ സര്‍വ്വമേഖലകളിലേയ്ക്കും വികസനപ്രവര്‍ത്തനങ്ങളുടെ നൂതനമാര്‍ഗ്ഗങ്ങള്‍ ഈ ഐഡിയാബാങ്കില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേവലം കന്നുകാലി വിതരണത്തില്‍ ഒതുങ്ങാത്ത പ്രവര്‍ത്തനങ്ങളില്‍ വികസന ഫണ്ടുകള്‍ വിനിയോഗിക്കണമെന്നും കൂടുതല്‍ മെച്ചപ്പെട്ട വിഭവവിതരണത്തിനും വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഈ പണ്ടുകള്‍ പ്രയോജനപ്പെടുത്തപ്പെടണമെന്നും റൈറ്റ്‌സ് വ്യക്തമാക്കുന്നു. അതിനാണ് ഇത്തരത്തിലുള്ള ഒരു ഐഡിയ ബാങ്ക് പ്രസിദ്ധീകരിച്ചതെന്നും റൈറ്റ്‌സ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
റൈറ്റ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കേരളത്തിലെ 1000ത്തിലധികം വരുന്ന പഞ്ചായത്ത്/ നഗരസഭ/ കോര്‍പ്പര്‍റേഷനുകളിലെ 21000+ വരുന്ന വാര്‍ഡുകളില്‍ അടുത്ത വര്‍ഷത്തെ പദ്ധതി രൂപീകരണത്തിനായുള്ള ഗ്രാമ/ വാര്‍ഡ് സഭായോഗങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും. ഈ യോഗങ്ങളിലും തുടര്‍ന്ന് നടക്കുന്ന വികസന സംവാദങ്ങളിലും ദളിതര്‍ക്കും ആദിവാസികള്‍ക്കും പ്രയോജനപെടുത്തതാവുന്ന ഐഡിയ ബാങ്കാണിത്, സോഷ്യല്‍ മീഡിയയിലും നേരിട്ടും 2 ആഴ്ചക്കാലം നടത്തിയ കാമ്പയിനില്‍ നിര്‍ദ്ദേശിക്കപെട്ടവയാണെങ്കിലും ഇത് അപൂര്‍ണ്ണമാണ്, ചര്‍ച്ചകളിലൂടെയും നിര്‍ദ്ദേശങ്ങളിലൂടെയും ഈ രേഖ പരിഷ്‌കരിക്കേണ്ടതുണ്ട്. എങ്കിലും ആട്/ കോഴി വളര്‍ത്തലിന് അപ്പുറം ദളിതര്‍ക്കും ആദിവാസികള്‍ക്കും വികസന സ്വപ്നങ്ങള്‍ ഉണ്ടെന്ന് ഈ രേഖ ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്.
കേരളത്തിലെ മുഴുവന്‍ ദളിത്-ആദിവാസി കുടുംബങ്ങളുടെ കയ്യിലും ഈ രാത്രി തന്നെ ഇതെത്തണം.
കോപ്പികള്‍ വേണ്ടവര്‍ നിങ്ങളുടെ ഇമെയില്‍ കമന്റ് ചെയ്യുക അല്ലെങ്കില്‍ 9895007171 എന്ന വാട്സ്ആപ്പ് നമ്പറില്‍ ഒരു ഹായ് അടിക്കുക.